തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധനു കൈമാറിയ സ്വർണം എസ്ഐടിയുടെ പരിശോധനയിൽ കണ്ടെത്തി. ബല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം വീണ്ടെടുത്തതെന്ന് അന്വേഷണം വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം എസ്.പി. ശശിധരൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാമിന് മുകളിലെ സ്വർണ കട്ടികൾ കണ്ടെത്തിയതായി അറിയിച്ചു. കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണ്ണ നാണയങ്ങളും, രണ്ടുലക്ഷത്തോളം രൂപയും പൊലീസ് കണ്ടെത്തി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക സംഘം ഇനിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് നടത്തും. ബംഗളൂരുവിൽ എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബല്ലാരിയിലെ സ്വർണം വിൽപ്പന നടത്തിയ സ്ഥലങ്ങൾ, ഹൈദരാബാദിലെ ദ്വാരപാലക സ്ഥാപനം, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് ഇന്നും പരിശോധനകൾ നടക്കുന്നത്.ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകുമെന്ന് എസ്.ഐ.ടി അറിയിച്ചു.


