തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളിലും സ്ഥാപനങ്ങളിലുമായി സെക്രട്ടറി, മെമ്പർ സെക്രട്ടറി സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഭരണപരമായ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തി.
സംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതലകൾ നൽകാൻ ഉത്തരവിറക്കി.
കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലാണ് പുതിയ ക്രമീകരണം നടപ്പാക്കിയത്.
സ്ഥാപനങ്ങളിലെ പ്രധാന ഭരണപദവികൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ താത്കാലിക ചുമതലകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.
ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങാതിരിക്കാനും സ്ഥാപനങ്ങളുടെ ഭരണനടപടികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുമാണ് നടപടിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.






