തിരുവനന്തപുരം: തിരുവനന്തപുരം ഒരുവാതിൽകോട്ടയിലെ ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ വളഞ്ഞ് പിടികൂടി. ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
പ്രദേശത്ത് മാലിന്യ നിക്ഷേപം പതിവായതിനെ തുടർന്ന് പൊതുപ്രവർത്തകരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ദിവസങ്ങളായി കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രി ഒമ്പതോടെ മാലിന്യങ്ങളുമായി എത്തിയ ലോറി നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ ലോറിയിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് വാർഡ് കൗൺസിലർ ജയാരാജീവ് സ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മേയർ വി.വി. രാജേഷും കൗൺസിലർ വി. ഗിരികുമാറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്ത് തള്ളുന്ന മാലിന്യങ്ങൾ ആക്കുളം കായലിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ സംഭവത്തിൽ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് മേയർ പൊലീസിനോട് ആവശ്യപ്പെട്ടു. ലോറി കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
നഗരത്തിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയാൻ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും മേയർ വ്യക്തമാക്കി.






