മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിക്കാരനും മുസ്‌ലിം ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആശയ ഭിന്നത തടസമല്ലെങ്കില്‍ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് പ്രചരിപ്പിക്കുന്നത് മുസ്‌ലിംലീഗും ലീഗിന്റെ അടിയാളന്മാരുമാണ്. ഒരു ക്രൈസ്തവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാടില്ലെന്ന് ശഠിക്കുന്നത് ക്രിസംഘികളാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തന്‍മാരുടെ വാക്കുകളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ്, മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വിശ്വാസികള്‍ അംഗത്വമെടുക്കണമെന്നും ജലീൽ ആഹ്വാനം ചെയ്തു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ പാടില്ലത്രെ!
ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൽ അംഗമാകാൻ കഴിയില്ലെങ്കിൽ എങ്ങിനെയാണ് ഒരു വിശ്വാസിക്ക് കോൺഗ്രസ്സാകാൻ സാധിക്കുക? എങ്ങനെ തൃണമൂൺ കോൺഗ്രസ്സാകാൻ സാധിക്കും? എങ്ങനെ ഡി.എം.കെ ആകും? എങ്ങനെ ഒരു വിശ്വാസിക്ക് ആംആദ്മി പാർട്ടിയിൽ അംഗമാകാൻ പറ്റും? എങ്ങനെ ഒരു ബഹുദൈവാരാധകന് ഏകദൈവ വിശ്വാസികൾ മാത്രമുള്ള മുസ്ലിംലീഗിൽ അംഗമാകാൻ സാധിക്കും? ഒരു യഥാർത്ഥ വിശ്വാസിക്ക് എങ്ങനെ ബി.ജെ.പിയിൽ അംഗമാകാൻ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ സമാജ്വാദി പാർട്ടിയും സോഷ്യലിസ്റ്റ് ജനതാദളും ആകാൻ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ കേരള കോൺഗ്രസ്സോ ആർ.എസ്.പിയോ ആർ.എം.പിയോ സി.എം.പിയോ ആകാൻ സാധിക്കും?
ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആശയ ഭിന്നത തടസ്സമല്ലെങ്കിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കാനാവില്ല?
ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആർ.എസ്.എസും ബി.ജെ.പിയുമാണ്! ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിംലീഗും ലീഗിൻ്റെ അടിയാളന്മാരുമാണ്! ഒരു ക്രൈസ്തവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ പാടില്ലെന്ന് ശഠിക്കുന്നത് കൃസംഘികളാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്കാരം തകർക്കാൻ ശ്രമിക്കുന്ന മതഭ്രാന്തൻമാരുടെ വാക്കുകളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ്, മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾ അംഗത്വമെടുക്കുക. ഒരു തമ്പുരാൻ്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിൻ്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിൻ്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്.
അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!
ലോകത്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയും ബന്ധപ്പെട്ട പാർട്ടികളിൽ അംഗത്വമെടുക്കണമെങ്കിൽ മതനിഷേധിയാകണമെന്നോ യുക്തിവാദിയാകണമെന്നോ അവയുടെ ഭരണഘടനകളിൽ വ്യവസ്ഥ വെച്ചിട്ടില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടിയല്ല. പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. ദാർശനികമായും രാഷ്ട്രീയമായും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അംഗീകരിക്കുന്നവർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായവർക്കും ഒരുപോലെ അംഗത്വം നൽകുന്ന സംഘടനയാണത്. അക്കാര്യം ഇ.എം.എസ് ചിന്തയുടെ ചോദ്യോത്തര പംക്തിയിൽ വ്യക്തമാക്കിയിട്ടുണ്ട്.






