ആലപ്പുഴ: പുന്നമട ജെട്ടിക്ക് സമീപം ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ കോളനിയിലെ അരുൺ കിച്ചു എന്നയാളെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്.
ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധത്തെ തുടർന്ന് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്‌പി മുകേഷ് ജി.ബി.യുടെ മേൽനോട്ടത്തിൽ, നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ അരുൺ കിച്ചുവിനെ റിമാൻഡ് ചെയ്തു.




