ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തണ്ണീർമുക്കം മരത്തോർവട്ടം സ്വദേശിയായ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശിയായ അനുരാഗ് സുരേഷ് (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൈക്കാട്ടുശ്ശേരി ശാന്തിക്കവലയ്ക്ക് സമീപം മഠത്തിവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (43) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങുന്നതിനുള്ള വരി മറികടക്കാൻ ചിലർ ശ്രമിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായതായാണ് പോലീസ് പറയുന്നത്. സംഘർഷത്തിനിടെ ഒരാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്ന അനീഷ് കുമാറിനെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.











