കുവൈത്ത് സിറ്റി: ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. ജാബർ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തിയ സ്ഥാനപതി, ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകി.
ആക്രമണത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യൻ പൗരന്മാരിൽ ഒമ്പത് പേർ ഇതിനകം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. നിലവിൽ നാല് പേർ മാത്രമാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ തുടരുന്നത്.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും ഇന്ത്യൻ എംബസി നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനായി ആശുപത്രി അധികൃതരുമായും പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും എംബസി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ എംബസി സജ്ജമാണെന്നും ബാധിത കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്നും സ്ഥാനപതി അറിയിച്ചു.






