മനാമ: യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലും കുവൈത്തിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ തടഞ്ഞതായി സൈന്യം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും തകർത്തതിനാലാണ് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാരും വിദേശ താമസക്കാരും ശാന്തരായി തുടരുകയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക ഇറാനെതിരെ വലിയ സൈനിക നടപടി നടത്തിയത്. 80ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, സൈനിക ബോട്ടുകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
അതേസമയം, അമേരിക്ക നടത്തിയ ആക്രമണവും എണ്ണ ഉപരോധം വീണ്ടും ഏർപ്പെടുത്തിയ നടപടിയും ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെ ഉണ്ടായ ധാരണയുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇതിന് അമേരിക്ക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.




