തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു.
ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് മുന്നറിയിപ്പും നൽകുന്നുണ്ട്.



