കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ മൊഴി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് പ്രതി നൽകിയത്.
മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലമാണ് ഇത്തരത്തിലുള്ള മൊഴി നൽകിയതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിൽ എല്ലാം “സെറ്റ് ചെയ്തിട്ടുണ്ടെന്ന്” സ്വർണം കൈമാറിയവർ പറഞ്ഞിരുന്നുവെന്നും, കസ്റ്റംസിന്റെ പരിശോധനയിൽ പിടിയാകില്ലെന്ന് അവർ ഉറപ്പ് നൽകിയിരുന്നുവെന്നും അസ്ലം മൊഴിയിൽ വ്യക്തമാക്കിയതായി പറയുന്നു.
കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വർണം എയർപോർട്ടിന് പുറത്തെത്തിച്ചെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടിച്ചെടുത്തത്.
പിടിയിലായ സ്വർണം പ്രിവന്റീവ് കസ്റ്റംസിന് പൊലീസ് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






