തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക മലയാളം പേരിൽ ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താൻ നിലവിലുള്ള രേഖകളും സാമഗ്രികളും ഉപേക്ഷിച്ച് അധിക ചെലവ് നടത്തേണ്ടതില്ലെന്ന് സർക്കാർ. പേരുമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്.
നിലവിലുള്ള പേപ്പറുകൾ, ഫയലുകൾ, ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ തുടങ്ങിയവ വെറുതെ നശിപ്പിക്കരുതെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ആവശ്യമായിടത്ത് മഷി ഉപയോഗിച്ച് അധിക അക്ഷരം ചേർത്ത് ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താം.
പുതിയ പേരിൽ അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ ലഭ്യമാകുന്ന മുറയ്ക്ക് ഉപയോഗിക്കാമെങ്കിലും നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിച്ച് പുതിയത് അച്ചടിക്കേണ്ടതില്ല. ഔദ്യോഗിക മുദ്രകളും റബർ സ്റ്റാമ്പുകളും നിലവിലുള്ളവ തന്നെ ഉപയോഗിക്കാം. ഇവ മാറ്റേണ്ട സാഹചര്യം വരുമ്പോൾ പുതിയ പേരിലുള്ളവ തയ്യാറാക്കിയാൽ മതിയെന്നും സർക്കുലറിൽ പറയുന്നു.
സൂചനാ ബോർഡുകൾ, ഓഫീസ് നെയിം ബോർഡുകൾ, ഫലകങ്ങൾ എന്നിവ പേരുമാറ്റത്തിനായി മാത്രം മാറ്റി സ്ഥാപിക്കേണ്ടതില്ല. സാങ്കേതികമായി സാധ്യമാകുന്ന ഇടങ്ങളിൽ അധിക അക്ഷരം ചേർത്ത് പേര് തിരുത്താനും നിർദേശമുണ്ട്.
സർക്കാർ വെബ്‌സൈറ്റുകളിലും സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ പേര് മാറ്റം വരുത്താം. പേരുമാറ്റത്തിന്റെ പേരിൽ അനാവശ്യമായി പൊതുപണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്.
കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ പേര് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ശനിയാഴ്ചയാണ് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കിയത്.




