കോട്ടയം: ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയൻ (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പിടികൂടിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഐ.പി.എസ്. ട്രെയിനിയെന്ന പേരിൽ ഇയാൾ എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് കേസുകളിൽ ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന വ്യാജേന ഇടനിലക്കാരനായി പ്രവർത്തിച്ച് വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആറുമാസം മുമ്പ് പുതുപ്പള്ളി കൈതേപ്പാലത്തുള്ള ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിലും ആദിത്യനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐ. വി.എസ്. ഗിരീഷ്‌കുമാർ, സി.പി.ഒമാരായ ടി.കെ. രൂപേഷ്, അരുൺകുമാർ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




