കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബർ 12ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഹൗസ് ബോട്ട് ജീവനക്കാരുടെ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബോട്ടിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. ലൈസൻസില്ലാത്ത ബോട്ടിനെതിരെ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
സംഭവത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ റൂറൽ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.




