തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്രയ്ക്കുള്ള സീറോ വാല്യൂ ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്. പുരുഷ യാത്രക്കാരിൽ നിന്ന് ടിക്കറ്റിനുള്ള പണം വാങ്ങിയ ശേഷം, സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ടിക്കറ്റാണ് ഇവർ നൽകിയത്. വാങ്ങിയ പണം സ്വന്തം കൈവശം വെച്ചതായാണ് കണ്ടെത്തിയത്. ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.
പത്തനാപുരം ഡിപ്പോയിലെ ഒരു കണ്ടക്ടർ 18 രൂപയുടെ ടിക്കറ്റിന് ഒരു പുരുഷ യാത്രക്കാരന് സീറോ വാല്യൂ ടിക്കറ്റ് നൽകിയതായി കണ്ടെത്തി. പരിശോധനയിൽ കണ്ടക്ടറുടെ ബാഗിൽ 40 രൂപ അധികമായി ഉണ്ടായിരുന്നതായും കണ്ടെത്തി. ഇതിനെ തുടർന്ന് കൊല്ലം ജില്ലയിലെ പ്രിയദർശിനി ബസുകളിൽ വിജിലൻസ് പരിശോധന ശക്തമാക്കി.
ഈ തട്ടിപ്പിലൂടെ സർക്കാരിനും കെഎസ്ആർടിസിക്കും സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി അധികൃതർ അറിയിച്ചു. കൂടാതെ, കൃത്രിമമായി കളക്ഷൻ ഉയർത്തിക്കാട്ടി അധിക ബത്ത കൈപ്പറ്റിയതായും ആരോപണമുണ്ട്. 14,000 രൂപയ്ക്ക് മുകളിലുള്ള കളക്ഷന് 1 ശതമാനം ബത്ത ലഭിക്കുന്ന പദ്ധതിയാണ് നിലവിലുള്ളത്.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര നൽകുന്ന പദ്ധതിയാണ് പ്രിയദർശിനി. ഓർഡിനറി ഉൾപ്പെടെയുള്ള വിവിധ വിഭാഗം ബസുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.


