കൊച്ചി: തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘം വഴിയിലൂടെ നടന്നുപോയ മൂന്ന് യുവാക്കളെ ക്രൂരമായി മർദിച്ച ശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷാഫിക്കും നിസാമിനും മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അച്ചുവിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നിരവധി തവണ മർദിക്കുകയും നിലത്ത് വീണ യുവാക്കളെ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്ന സമയത്ത് സമീപത്തെ ചില ചായക്കടകൾ പ്രവർത്തിച്ചിരുന്നതിനാൽ പ്രദേശത്ത് മറ്റ് ആളുകളും ഉണ്ടായിരുന്നതായാണ് വിവരം.
ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വാഹനം കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കാർ ഇപ്പോഴും കാക്കനാട് ഭാഗത്തുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തൃക്കാക്കര പൊലീസ് ശക്തമാക്കിയിരിക്കുന്നത്.


