തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തിൽ നിന്നും മടങ്ങി. അന്വേഷണത്തിനിടെ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.
അതേസമയം, തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേരള പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഉത്തർപ്രദേശ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ രഹസ്യമൊഴി നൽകാനാകാത്ത സാഹചര്യമാണെന്നും പൊലീസ് നടപടിയിൽ വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാൻ പെൺകുട്ടിയും പങ്കാളിയും തയ്യാറെടുക്കുകയാണെന്നും അറിയുന്നു.
മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും നേരത്തെ പരാതി നൽകിയിരുന്നു.
ഇവരുടെ വിവാഹം മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.




