കോട്ടയം: കുട്ടനാടിന്റെ അഭിമാനമായ ‘ചാര’, ‘ചെമ്പല്ലി’ താറാവുകൾക്ക് ഇനി ദേശീയ അംഗീകാരം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) കുട്ടനാടൻ താറാവുകളെ ഇന്ത്യയുടെ ഏഴാമത്തെ ഔദ്യോഗിക താറാവിനമായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. എസ്. ഹരികൃഷ്‌ണനാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്.
കുട്ടനാടൻ ഇനത്തോടൊപ്പം ജാർഖണ്ഡിലെ കോഡോ, ഒഡീഷയിലെ കുടു, മണിപ്പൂരിലെ മണിപ്പൂരി, ആസാമിലെ നാഗി എന്നീ നാല് ഇനങ്ങളെ കൂടി പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ അഞ്ച് ഇനങ്ങളിൽ വെച്ച് വർഷത്തിൽ ഇരുനൂറിലധികം മുട്ടകൾ നൽകുന്ന കുട്ടനാടൻ താറാവുകളാണ് ഉത്പാദനക്ഷമതയിൽ മുന്നിൽ നിൽക്കുന്നത്.
പ്രധാനമായും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏകദേശം 18 ലക്ഷത്തോളം കുട്ടനാടൻ താറാവുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തവിട്ടു നിറത്തിൽ കറുപ്പ് പടർന്ന ‘ചാര’യും ഇളം തവിട്ടു നിറമുള്ള ‘ചെമ്പല്ലി’യുമാണ് ഇതിലെ പ്രധാന ഉപവിഭാഗങ്ങൾ. ശരാശരി 1.6 മുതൽ 2 കിലോ വരെ തൂക്കം വരുന്ന ഇവ ഇറച്ചിക്കും വലിപ്പമേറിയ മുട്ടകൾക്കും (70 ഗ്രാം) ഒരുപോലെ പ്രസിദ്ധമാണ്. രാജ്യത്തെ ഏറ്റവും മികച്ച നാടൻ ഇനമെന്ന പദവി ലഭിച്ചെങ്കിലും, ക്രിസ്മസ്-പുതുവത്സര സീസണിൽ പക്ഷിപ്പനി ബാധിച്ചത് നിലവിൽ ഈ മേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.




