തിരുവനന്തപുരം: സിപിഐ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് വോട്ടുകൾ ബിജെപിയിലേക്കല്ല, യുഡിഎഫിലേക്കാണ് ചോർന്നതെന്ന് സിപിഐ വിലയിരുത്തൽ. ന്യൂഡൽഹിയിൽ നടന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിലാണ് ഈ വിലയിരുത്തൽ അവതരിപ്പിച്ചത്.
ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകൾ നേടിയതിനെ കുറിച്ച് യോഗത്തിൽ ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ബിഹാർ, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഉണ്ടായതുപോലെ കേരളത്തിലും ഇടത് വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയോയെന്ന സംശയവും ചിലർ ഉന്നയിച്ചു. ഇതിന് മറുപടിയായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ കെ പ്രകാശ് ബാബു കേരളത്തിലെ വോട്ടു കണക്കുകൾ വിശദീകരിച്ചു. 2001-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തോൽവി നേരിട്ടെങ്കിലും 46.7 ശതമാനം വോട്ട് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് യുഡിഎഫിന് 48.5 ശതമാനം വോട്ടായിരുന്നു ലഭിച്ചത്.
ഇത്തവണ എൽഡിഎഫിന്റെ വോട്ടുവിഹിതം 37.5 ശതമാനമായി കുറഞ്ഞപ്പോൾ യുഡിഎഫിന് 46.4 ശതമാനം വോട്ട് ലഭിച്ചു. അതേസമയം, 2014 മുതൽ എൻഡിഎയുടെ വോട്ടുവിഹിതത്തിൽ വലിയ മാറ്റമില്ലെന്നും അത് 14 മുതൽ 16 ശതമാനം വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021-ൽ എൽഡിഎഫിന് 46 ശതമാനവും യുഡിഎഫിന് 39 ശതമാനവും വോട്ട് ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ സ്ഥിതി മറിഞ്ഞതായും സിപിഐ വിലയിരുത്തുന്നു. ഇതോടെ ഇടത് വോട്ടുകൾ യുഡിഎഫിലേക്കാണ് മാറിയതെന്ന് പാർട്ടി പറയുന്നു. സിപിഐയുടെ വോട്ടുവിഹിതവും ഇത്തവണ കുറഞ്ഞു. 2001-ൽ ഏഴ് സീറ്റും ഏഴുശതമാനത്തിലധികം വോട്ടും നേടിയ പാർട്ടിക്ക് ഇത്തവണ എട്ട് സീറ്റ് ലഭിച്ചെങ്കിലും വോട്ടുവിഹിതം 6.4 ശതമാനമായി താഴ്ന്നു.






