തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ എതിരേ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് ഫ്ലക്സ് ഉയർന്നത്. കടകംപള്ളിയുടെ ചിത്രമുള്ള ഫ്ലക്സിൽ “പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല” എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. “കുളത്തൂർ സഖാക്കൾ” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ശ്യാം മോഹൻ്റെ ചിത്രവും ഫ്ലക്സിലുണ്ട്. “പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ”, “നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ” എന്നീ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻപ് പാർട്ടി വിട്ടുപോയ ചിലരെ വീണ്ടും തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച തോതിൽ വോട്ട് നേടാനാകാതിരുന്നതോടെയാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്.






