Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുണ്ടാ-ലഹരി മാഫിയകൾക്ക് വിറളിയേറ്റി ‘ലേഡി സിംഗം’; എഞ്ചിനീയറിങ്ങിൽ നിന്ന് കാക്കിയിലേക്ക്, കൊല്ലത്തിന്റെ കാവലാളായി എം. ഹേമലത IPS

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെയും കൃത്യതയാർന്ന ആസൂത്രണത്തിലൂടെയും കുറ്റവാളികളുടെ ഉറക്കം കെടുത്തുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്. വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും കാട്ടുന്ന സമാനതകളില്ലാത്ത അർപ്പണബോധം കേരള പോലീസിന് തന്നെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം റൂറൽ എസ്.പി. സ്ഥാനത്തു നിന്നാണ് അവർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റ നാൾ മുതൽ തന്റെ കീഴിലുള്ള പോലീസ് സേനയെ കൃത്യമായി ഏകോപിപ്പിച്ച്, കുറ്റവാളികൾക്ക് ഒരു തരി പോലും വിട്ടുവീഴ്ച നൽകാതെ കൊല്ലം ജില്ലയെ സ്വന്തം ‘ഇല്ലം’ പോലെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയാണ് ഈ ഉദ്യോഗസ്ഥ.

നാടിനെ നടുക്കിയ കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുൽ വധക്കേസിലെ അതിവേഗ അന്വേഷണ മികവാണ് കമ്മീഷണർ ഹേമലതയുടെയും സംഘത്തിന്റെയും ഒടുവിലത്തെ തിളക്കമാർന്ന നേട്ടം. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ പകപോക്കലിന്റെ ഭാഗമായി എതിർ സംഘം നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് വെറും മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ഗതി മാറ്റിയെഴുതാൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു. എ.എൻ.പി.ആർ. (ANPR) ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയും അയൽ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ ചേസിംഗിലൂടെയും മണിക്കൂറുകൾക്കകം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികൾ ഉൾപ്പെടെ 10 പേരെ തമിഴ്നാട്ടിൽ നിന്നും വിവിധ ജില്ലകളിൽ നിന്നുമായി പോലീസ് വലയിലാക്കി.

സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ മുഴുവൻ പിടികൂടിയ ഈ മികവിന് സംസ്ഥാന തലത്തിൽ വൻ പ്രശംസയാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈ 31-ന് നടന്ന സംസ്ഥാന ക്രമസമാധാന കോൺഫറൻസിൽ വെച്ച് അന്വേഷണ സംഘത്തിന് ഗുഡ് സർവീസ് എൻട്രിയും കമ്മൻഡേഷൻ ലെറ്ററും കൈമാറി ആദരിക്കുകയുണ്ടായി. കൊലപാതകത്തിന് ശേഷം കൊല്ലത്ത് തുടരാക്രമണങ്ങളോ തിരിച്ചടിയോ ഉണ്ടാകാൻ അനുവദിക്കാതെ ഗുണ്ടാ സംഘങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിലാക്കി അവരെ പൂർണ്ണമായി അടിച്ചമർത്താൻ കഴിഞ്ഞതാണ് കമ്മീഷണറുടെ വലിയ വിജയം. ഗുണ്ടാ സംഘങ്ങൾക്ക് പുറമെ, കൊല്ലത്തെ മയക്കുമരുന്ന് ശൃംഖലകളുടെ ഉറക്കം കെടുത്തിയതും ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ‘ഡാൻസാഫ്’ (DANSAF) സംഘമാണ്. ജില്ലയിലെ പ്രധാന ലഹരി കടത്ത് സംഘങ്ങളെയും എം.ഡി.എം.എ. വിതരണക്കാരെയും കൃത്യമായ മിന്നൽ റൈഡുകളിലൂടെ അവർ ജയിലിലടച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാനിൽ കൊല്ലത്ത് നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിക്കൊണ്ടിരിക്കുന്നത്.

കെട്ടുകാഴ്ചകൾക്കപ്പുറം ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന ജനകീയ നിലപാടുകളാണ് ഹേമലതയെ പൊതുസമൂഹത്തിന് പ്രിയങ്കരിയാക്കുന്നത്. അഗ്രികൾച്ചറൽ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണവർ. ദക്ഷിണേഷ്യൻ വാട്ടർ അസോസിയേഷൻ റിസർച്ച് ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അവർ സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്. തുടക്കത്തിൽ ഹിമാചൽ പ്രദേശ് കേഡറിലായിരുന്നു നിയമനമെങ്കിലും, വിവാഹശേഷം ഡി.എഫ്.ഒ. ആയ ഭർത്താവ് പി. കാർത്തിക് ഐ.എഫ്.എസിന്റെ കേഡറായ കേരളത്തിലേക്ക് മാറുകയായിരുന്നു.

മലപ്പുറത്ത് അഡീഷണൽ എസ്‌പിയായി ചുമതലയേറ്റ ദിവസം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നടത്തിയ നാടകീയ നീക്കങ്ങൾ ഇന്നും പോലീസിനുള്ളിൽ ചർച്ചയാണ്. സാധാരണക്കാരോട് പോലീസുകാർ എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാൻ കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി ഇതരസംസ്ഥാനക്കാരിയായി വേഷം മാറിയാണ് അവർ സ്റ്റേഷനിലെത്തിയത്. തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിച്ച യുവതിയോട് ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറുകയും പരാതി രേഖപ്പെടുത്താൻ ഒരുങ്ങുകയും ചെയ്തപ്പോഴാണ് താൻ പുതിയ എ.എസ്.പി.യാണെന്ന സത്യം അവർ വെളിപ്പെടുത്തിയത്. തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച എ.എസ്.പിയോട് മലയാളത്തിലും ഇംഗ്ലീഷിലുമായി പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പരാതി റജിസ്റ്റർ ചെയ്യാൻ തുടങ്ങുന്നതിടെയാണ് താൻ പുതിയതായി ചുമതലയേറ്റ എ.എസ്.പിയാണെന്ന് അറിയിച്ചത്. ഇതു കേട്ട പൊലീസുകാരെല്ലാം അന്ധാളിച്ചെന്നു മാത്രമല്ല, കൈപ്പിഴവൊന്നും വന്നില്ലല്ലോ എന്ന ആശ്വാസത്തിലുമായി. പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാൻ നടത്തിയ ഒരു ഓപ്പറേഷനായിരുന്നു അത്.

കൂടാതെ, ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച ദൗത്യത്തിലും അവർ മുൻപന്തിയിലുണ്ടായിരുന്നു. അന്ന് തീർഥാടകർ സ്നേഹത്തോടെ നൽകിയ അരവണ സഹപ്രവർത്തകർക്ക് വിതരണം ചെയ്തതും ആ തീർഥാടകരുമായി ഇന്നും ഊഷ്മള ബന്ധം സൂക്ഷിക്കുന്നതും അവരുടെ മാനുഷിക മൂല്യങ്ങൾക്ക് തെളിവാണ്.

മുമ്പ് അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി, മലബാർ സ്പെഷ്യൽ പോലീസ്, കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച് തന്റേതായ മുദ്ര പതിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കാടിന്റെ ചുമതല ഭർത്താവിനും നാടിന്റെ സംരക്ഷണം ഭാര്യയ്ക്കും എന്ന് പറയുന്നതുപോലെ, കൃത്യതയാർന്ന മാതൃകാ സേവനത്തിലൂടെ ‘ലേഡി സിംഗം’ എന്ന വിശേഷണം അന്വർത്ഥമാക്കുകയാണ് എം. ഹേമലത ഐ.പി.എസ്.

അത്യാധുനിക അന്വേഷണ മികവും ജനകീയ പെരുമാറ്റവും ഒരുപോലെ മുൻനിർത്തി പ്രവർത്തിക്കുന്ന എം. ഹേമലത ഐ.പി.എസിന്റെ നേതൃത്വം കൊല്ലം നഗരത്തിന് വലിയ സുരക്ഷാ കവചമാണ് ഒരുക്കുന്നത്. നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഈ സമീപനം ഭാവി തലമുറയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തീർച്ചയായും ഒരു വലിയ വഴികാട്ടിയും പ്രചോദനവുമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer