പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം. പ്രദേശത്ത് പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള ക്ഷേത്ര പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ മുകളിൽ വെള്ളമുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എംഎൽഎ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ആരംഭിച്ചു.
വെള്ളം ഉയരുന്നതിനനുസരിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റാന്നിയിൽ വെള്ളം കുറയുമ്പോൾ ആറന്മുളയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളതെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം സർക്കാർ വിലയിരുത്തി. ദുരിതബാധിത ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥിന് പുറമെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും മന്ത്രിമാർ ക്യാമ്പ് ചെയ്യും.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാനും നിർദേശം നൽകി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പലും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, മഴ മുന്നറിയിപ്പുകൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥാ വകുപ്പും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.




