ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിൽ 19 വയസ്സുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവർഷ ബിഎ വിദ്യാർത്ഥിനിയായ പൂജ ഏലിയാസ് ഗുംഗണിനെയാണ് 21കാരൻ സുനിൽ ജറോലിയ ആക്രമിച്ചത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞുനിർത്തിയ പ്രതി സംസാരിക്കാൻ ശ്രമിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 47 സെക്കന്റിനുള്ളിൽ 14 തവണ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്.
കഴുത്ത്, വയർ, കൈ എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പടിദാർ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകുകയാണ്.
അതേസമയം, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജ കഴിഞ്ഞ നാല് വർഷമായി തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ അമ്മ ബന്ധത്തെ എതിർത്തതിനെ തുടർന്ന് അവൾ ഫോൺ എടുക്കാതായിരുന്നുവെന്നും പ്രതി പറഞ്ഞിട്ടുണ്ട്.
എന്നാൽ പ്രതി നേരത്തെ തന്നെ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






