ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽ വൻ കവർച്ച. ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങൾ മോഷണം പോയതായി വിവരം. ഏകദേശം 25 കിലോയോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മധുര ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജ്വല്ലറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. അടുത്തിടെ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ ഇവിടെ ഏകദേശം 30 കിലോ ആഭരണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
രാവിലെ പത്ത് മണിയോടെ ജീവനക്കാർ ജ്വല്ലറിയുടെ ഒന്നാം നില തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 15 ദിവസം മുമ്പാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. എന്നാൽ നാലുനില കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയായിരുന്നു.
നിർമാണത്തിനായി സ്ഥാപിച്ച തട്ടുകളിലൂടെ മോഷ്ടാക്കൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കവർച്ചയ്ക്ക് ശേഷം ഇതേ വഴിയിലൂടെ പുറത്തുകടന്ന സംഘം തെരുവിലൂടെ കുറച്ചുദൂരം നടന്ന് രക്ഷപ്പെട്ടിരിക്കാമെന്നും പൊലീസ് കരുതുന്നു.
മധുര സിറ്റി പൊലീസ് കമ്മിഷണർ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയുടെ സഹായത്തോടെയും തെളിവുകൾ ശേഖരിച്ചു. ജ്വല്ലറി ജീവനക്കാരുടെയും നിർമാണത്തൊഴിലാളികളുടെയും വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്നും ലോക്കറുകളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു. മൂന്ന് പേർ കവർച്ചയിൽ പങ്കെടുത്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.




