ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിര്‍മ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്‍ അപകടം. നായകനായി നിഖില്‍ സിദ്ധാര്‍ത്ഥ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തയ്യാറാക്കിയ കൃത്രിമ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാര്‍ക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് ഇന്നലെ ചിത്രീകരണത്തിനിടെ തകര്‍ന്നത്.
ജൂണ്‍ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് നായകന് നിഖില്‍ സിദ്ധാര്‍ത്ഥ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. . എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും നിഖില്‍ പറഞ്ഞു.’ രാം ചരണ്‍-നിഖില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം, രാം ചരണിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. സായി മഞ്ജരേക്കയാണ് ചിത്രത്തിലെ നായിക.
അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ടാങ്കിന്റെ രൂപകല്പ്പനയോ നിര്‍മ്മാണത്തിലോ ഉണ്ടായ പാകപ്പിഴയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. സിനിമാ ഷൂട്ടിംഗിനിടെ ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂര്‍വമല്ലെങ്കിലും, ‘ദി ഇന്ത്യ ഹൗസ്’ സെറ്റിലുണ്ടായ ഈ സംഭവം സിനിമാ വ്യവസായത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.






