മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ പുറത്തിറക്കിയ വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു. കരട് രേഖയിൽ തുടർനടപടികൾ വേണ്ടെന്നാണ് സർവകലാശാലയുടെ തീരുമാനം.
വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പുതിയ പെരുമാറ്റച്ചട്ടത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുകയും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളി നിരോധിക്കുകയും ചെയ്തിരുന്നു. അനധികൃത രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിർദേശത്തിലുണ്ടായിരുന്നു.
ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാലയിൽ ഈ പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി SFI രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള ശ്രമമാണിതെന്ന് സംഘടന ആരോപിച്ചു.
അതേസമയം, സർവകലാശാലയിലെ പി.ജി പ്രവേശന നടപടികളുമായി ബന്ധപ്പെട്ട മുൻപരിഷ്കാരങ്ങളും പിൻവലിക്കാൻ തീരുമാനമായി. പി.ജി എൻട്രൻസ് പരീക്ഷയും അഭിമുഖവും പഴയ രീതിയിൽ തന്നെ നടത്താനാണ് തീരുമാനം. ഈ വിഷയത്തിലും എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇരുവിഷയങ്ങളിലും ധാരണയായത്.






