ന്യൂഡൽഹി: നാഗ്പൂരിൽ ആൺസുഹൃത്തുമായുള്ള വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. യുവാവ് പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഇരുവരും വർഷങ്ങളായി പരിചയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാഗ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ധന്തോളി പ്രദേശത്ത് സുഹൃത്തിനൊപ്പമായിരുന്നു താമസം. പൂണെയിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്ന യുവാവ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് യുവാവും സുഹൃത്തും ചേർന്ന് യുവതിയുടെ മാതാവിനെ സന്ദർശിച്ചിരുന്നു. തങ്ങൾ ഏറെക്കാലമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും യുവാവ് മാതാവിനെ അറിയിച്ചിരുന്നു. യുവതിയുടെ മാതാവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ കുടുംബത്തിന് വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. ഇക്കാര്യം യുവതിയിൽ നിന്ന് മറച്ചുവെച്ചുകൊണ്ട് നാഗ്പൂരിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടരുകയായിരുന്നുവെന്നാണ് ആരോപണം.
പിന്നീട് വിവാഹക്കാര്യം യുവതി വീണ്ടും ഉന്നയിച്ചപ്പോൾ യുവാവ് വിഷയം ഒഴിവാക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം വിവാഹക്കാര്യം ആവശ്യപ്പെട്ടതോടെ തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. ഇനിയും വിവാഹക്കാര്യം ആവർത്തിച്ചാൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പരാതിയിൽ ആരോപിച്ചു. വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതി മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
അവസാനം യുവതി യുവാവിനെ വീഡിയോ കോൾ ചെയ്യുകയും ജീവനൊടുക്കാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ ഭാഗത്തുനിന്ന് യുവതിയെ തടയാൻ കാര്യമായ ശ്രമമുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. വീഡിയോ കോളിനിടെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിന് ശേഷവും ഏകദേശം 23 മിനിറ്റോളം വീഡിയോ കോൾ തുടർന്നിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ ധന്തോളി പൊലീസ് യുവാവിനെതിരെ കേസെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.












