കാസർകോട്: കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ വൻ തീപിടിത്തമുണ്ടായി. രാവിലെ അഞ്ചരയോടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമ്മാണത്തിനായി പ്ലാസ്റ്റിക് തരംതിരിക്കുന്ന വിഭാഗത്തിൽ തീപിടിച്ചത്.
വിവരമറിഞ്ഞെത്തിയ കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകളായുള്ള ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
ഫാക്ടറിക്ക് അടിയിലൂടെ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ തുടക്കത്തിൽ ആശങ്ക ഉയർന്നിരുന്നു. ഏകദേശം രണ്ട് മീറ്റർ ആഴത്തിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. തീ പൂർണമായും അണച്ചശേഷം ഉദ്യോഗസ്ഥർ പൈപ്പ് ലൈനിന് മുകളിലെ ഭാഗത്ത് പരിശോധന നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.




