വയനാട്: ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ചിനിടെ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സംഭവത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ഒരു പോലീസുകാരന്റെ മുഖത്ത് അടിച്ചെന്ന പരാതിയുണ്ട്. തുടർന്ന് പോലീസുകാരനും ഗൗതം ഗോകുൽദാസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മറ്റ് പ്രവർത്തകർ ഇടപെട്ട് ഗൗതം ഗോകുൽദാസിനെ അവിടെ നിന്ന് മാറ്റിക്കൊണ്ടുപോയി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.




