കോഴിക്കോട്: നാദാപുരം പുറമേരിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം നാല് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ഉച്ചയ്ക്ക് 2.35ഓടെ പുറമേരി സിറ്റി ടവർ ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.
ആർ.കെ. റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പർ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെയും പുല്‍പ്പള്ളി സ്വദേശികളുടെ മസാഹി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന്റെയും പ്രവർത്തന കേന്ദ്രമായിരുന്നു കെട്ടിടം. ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സർവീസിനായി എത്തിയ പത്ത് സ്‌കൂട്ടറുകളും തീയിൽ പൂർണമായും നശിച്ചു. ബാറ്ററിയിൽ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യൂപ്പർ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വിലകൂടിയ ലൈറ്റുകളും സ്വിച്ചുകളും ഉൾപ്പെടെ വലിയ തോതിൽ സാധനങ്ങൾ കത്തി നശിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കഠിനമായി പരിശ്രമിച്ചാണ് തീ അണച്ചത്.
എടച്ചേരി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറ്റി ടവർ ബിൽഡിംഗ്. നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ മൂന്ന് യൂണിറ്റുകളും വടകരയിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും പാനൂരിൽ നിന്നൊരു യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന രണ്ട് എൽപിജി സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെടുത്തത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു.
സ്റ്റേഷൻ ഓഫീസർ വരുണിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ദിലീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ് ഉൾപ്പെടെ നിരവധി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




