കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
കേസിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് അറിയിച്ചു. ഇതേ കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി എൻ. നജീബ് (31), അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി 8.47ഓടെ മാവൂർ റോഡിലായിരുന്നു കൊലപാതകം. ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സി വില്ലയിൽ ആദിൽ റോഷൻ (39) ആണ് കൊല്ലപ്പെട്ടത്.
നജീബിന്റെ ആവശ്യപ്രകാരമാണ് വീട്ടിൽ നിന്ന് കത്തി കൊണ്ടുവന്നതെന്ന് നൗഷിദ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു. നജീബിൽ നിന്ന് ആദിൽ 10,000 രൂപ കടം വാങ്ങിയിരുന്നെന്നും അതിൽ 5,000 രൂപ തിരിച്ചുനൽകാനുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ബാക്കി തുക നൽകാത്തതും ഭാര്യയോട് മോശമായി സംസാരിച്ചെന്ന വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.




