തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളവും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മേയറും എംഎൽഎയുമായ വി.കെ പ്രശാന്ത് രംഗത്ത്. തിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് നിലവിലെ ഭരണസമിതി മുൻ ഭരണസമിതിയെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംവാദത്തിനായി മേയർ വി.വി രാജേഷ് ഉയർത്തിയ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണെന്നും നിരവധി സ്ഥലങ്ങളിൽ പരാതികൾ ഉയരുന്നതായും അദ്ദേഹം പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്ത് പേപ്പാറയിൽ നിന്ന് വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അത് മാതൃകാപരമായ ഇടപെടലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനായി അമൃത് പദ്ധതിയുടെ ഫണ്ടാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കി. പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളും ഇത്തവണ ശരിയായി നടന്നില്ലെന്നും, അത് ക്ഷേത്രഭരണ സമിതിയുടെ ഉത്തരവാദിത്വമാണെന്നാണ് മേയർ പറയുന്നതെന്നും വി.കെ പ്രശാന്ത് ആരോപിച്ചു.




