കൊച്ചി: മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കോടതിയെ സമീപിച്ച് ഇഡി. എറണാകുളം പിഎംഎൽഎ കോടതിയിൽ നൽകിയ ഹർജിയിലൂടെ എസ്എഫ്ഐഒ (SFIO) കസ്റ്റഡിയിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
വീണ തൈക്കണ്ടിയും സിഎംആർഎൽ കമ്പനിയും തമ്മിൽ 2016-ൽ നടത്തിയ കരാർ, എക്സാലോജിക്-സിഎംആർഎൽ തമ്മിലുള്ള 2017-ലെ കരാർ, എക്സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, വീണയുടെ ആദായനികുതി റിട്ടേൺ വിവരങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
വീണ തൈക്കണ്ടിയേയും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയേയും ചോദ്യം ചെയ്യുന്നതിനുമുമ്പ് തെളിവ് ശേഖരണം പൂർത്തിയാക്കാനാണ് ഇഡിയുടെ തീരുമാനം. ഇതിനായി ആദ്യം എസ്എഫ്ഐഒയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കും.
ചോദ്യം ചെയ്യലിനോ അറസ്റ്റിനോ നിയമപരമായ തടസങ്ങളില്ലെങ്കിലും, എല്ലാ തെളിവുകളും ഉറപ്പാക്കിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്നാണ് ഇഡിയുടെ നിലപാട്. രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടുന്ന കേസായതിനാൽ അന്വേഷണത്തിൽ യാതൊരു പിഴവും സംഭവിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നതായും സൂചനയുണ്ട്.






