നോയിഡ: വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിന് പിന്നാലെ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അമ്മ. നോയിഡയിലെ അമിറ്റി സർവകലാശാലയിലെ മൂന്നാം വർഷ ഫിസിക്കൽ എജ്യൂക്കേഷൻ വിദ്യാർത്ഥിയായ ഹർഷിത് ഭട്ട് വെള്ളക്കെട്ടിൽ വീണ് മരിച്ചതാണ് സംഭവം.
മകനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചില്ലെന്നും മരണവിവരം തന്നെ അറിയിച്ചില്ലെന്നും ഹർഷിതിന്റെ അമ്മ ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ബിയർ ബോട്ടിലുകൾ കണ്ടെത്തിയിരുന്നു. ഹർഷിത് മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹത്തിൽ ശരീരമാസകലം പരിക്കുകളുണ്ടായിരുന്നുവെന്നും ഹർഷിതിന്റെ അമ്മ പറഞ്ഞു. “എന്തിനാണ് മകനെ ആ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയണം,” എന്നാണ് അമ്മയുടെ പ്രതികരണം.
സംഭവത്തിൽ ഹർഷിതിന്റെ മൂന്ന് സുഹൃത്തുക്കളായ കൃഷ്, ഹിമാംശു, വ്യാസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




