ധാക്ക: ഹോർമൂസ് കടലിടുക്ക് തുറക്കാത്തിനാൽ ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലദേശിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ അനുകൂലിച്ചാൽ ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യയിലെ ശുദ്ധീകരണം, തിരികെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നത് എന്നിവ അടക്കമുള്ള ചെലവുകൾ ബംഗ്ലദേശ് വഹിക്കും. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാനുള്ള സാധ്യതയാണ്. കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലദേശിലെ ഏക എണ്ണ ശുദ്ധീകരണ കമ്പനിയായ ഈസ്റ്റേൺ റിഫൈനറി ലിമിറ്റഡ് പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ വേണ്ടിയുള്ളതാണ്. ഇവിടെ റഷ്യൻ യുറാൽ പോലുള്ള ‘ഹെവിയർ’ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയില്ല. 1968ൽ സ്ഥാപിച്ച ഈസ്റ്റേൺ റിഫൈനറിയിൽ പ്രതിവർഷം 15 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. ഇത് രാജ്യത്തിന് തികയില്ല. ഇതിനെ തുടർന്ന് ഡീസൽ, പെട്രോൾ, ജെറ്റ് ഫ്യുവൽ എന്നിവയെല്ലാം വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്താണ് ബംഗ്ലദേശ് മുന്നോട്ടു പോകുന്നത്.
പെട്രോളും ഡീസലും ലഭിക്കാൻ പമ്പുകൾക്ക് മുന്നിൽ നീണ്ട വരിയാണ് രാജ്യം മുഴുവൻ. മൂന്നു മണിക്കൂറിലധികം കാത്തിരുന്നാലാണ് ഡീസൽ കിട്ടുന്നത്. ഇത് മറികടക്കാനാണ് ഇന്ത്യയുടെ സഹായം തേടുന്നത്.




