തിരുവനന്തപുരം: മക്കളെ നഷ്ട്ടപെട്ട രണ്ട് അമ്മമാരുടെ വേദന കണ്ട് വിറങ്ങലിച്ചു അഞ്ചരക്കണ്ടി. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ സമാന സാഹചര്യത്തിൽ കണ്ണൂർ ഡെന്റൽ കോളജിൽ മരിച്ച നിതിന്‍റെ വീട്ടിൽ എത്തി. മകൻ മരിച്ച തിന് ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി എന്നായിരുന്നു സിദ്ധാർത്ഥന്റെ അമ്മ പ്രതികരിച്ചത്. സിദ്ധാർഥിന്‍റെ കേസിൽ നിയമവും ശിക്ഷയും കൃത്യമായി നടപ്പായിരുന്നെങ്കിൽ ഇതുപോലുള്ള കുറ്റങ്ങൾ ആവർത്തിക്കില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു.
വേദനിക്കുന്ന അമ്മമാരേ കണ്ട് നിന്നവർക്ക് തീരാനൊമ്പരമായി മാറിയിരുന്നു നിതിന്റെ വീട്. മക്കളെ പഠിപ്പിക്കാൻ അയച്ച അമ്മമാരുടെ സങ്കടം അത്രമേൽ നൊമ്പരമായി.സ്വന്തം മകന് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തുന്ന അമ്മ, സമാന സാഹചര്യത്തിൽ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോൾ കണ്ടുനിന്നവർക്കും കണ്ണീർ അടക്കാനായില്ല. മക്കളുടെ നീതിക്കായി ഇനി ഈ രണ്ട് അമ്മമാർ ഒരുമിച്ചു നിൽക്കും.




