വയനാട്: മുണ്ടക്കൈ –ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ മന്ദഗതിയിലായി. കഴിഞ്ഞ മാസം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചതിനു മുൻപ് പ്രതിദിനം 1500ലധികം തൊഴിലാളികളെ വിന്യസിച്ച് നിർമാണം വേഗത്തിൽ പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് തൊഴിലാളികളുടെ എണ്ണം കുറയുകയും പ്രവൃത്തികൾ മന്ദഗതിയിലാകുകയും ചെയ്തു.
സാമ്പത്തിക വർഷാവസാനത്തോടെ വിവിധ റോഡ് നിർമാണങ്ങൾ പൂർത്തിയാക്കേണ്ടതായതിനാൽ തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റിയതും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി.
ടൗൺഷിപ്പിലെ ശേഷിക്കുന്ന 232 വീടുകളുടെ നിർമാണം അടുത്ത മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിലവിലെ പുരോഗതി അതിനനുസൃതമല്ല. ആദ്യഘട്ടത്തിൽ കൈമാറാൻ ലക്ഷ്യമിട്ട 178 വീടുകളിൽ പലതും ഇനിയും പൂർത്തിയായിട്ടില്ല. ടൈൽസ് പാകൽ, പ്ലമ്ബിങ് തുടങ്ങിയ അടിസ്ഥാന പ്രവൃത്തികൾ പോലും പല വീടുകളിലും തുടരുകയാണ്. കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഭൂഗർഭ വൈദ്യുതി ശൃംഖല എന്നിവയുടെ നിർമാണവും വൈകുകയാണ്.
നേരത്തെ ദിവസേന പത്ത് വീടുകളുടെ വാർപ്പ് വരെ പൂർത്തിയാക്കിയിരുന്നെങ്കിലും ഇപ്പോൾ അതിലും കുറവാണ് പുരോഗതി. ഈ സാഹചര്യത്തിൽ മഴക്കാലത്തിന് മുൻപ് പുനരധിവാസം സാധ്യമാകുമോയെന്ന ആശങ്കയിലാണ് ദുരന്തബാധിതർ. കുടുംബങ്ങൾക്ക് സർക്കാർ വാടക നൽകുന്നത് മാത്രമാണ് നിലവിലെ ആശ്വാസം.
അതേസമയം, ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ ഗുണഭോക്തൃ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മുണ്ടക്കൈയും സമീപ പ്രദേശങ്ങളുമായ അട്ടമല, എച്ച്എസ് റോഡ്, പടവെട്ടിക്കുന്ന്, ഗോപിമൂല, കൊയ്നാക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങൾ ഇതുവരെ പട്ടികയിൽ ഉൾപ്പെടാത്തതിനെതിരെ പരാതിയുണ്ട്.
ഇത് പരിഹരിക്കാൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ അധ്യക്ഷതയിൽ അപ്പീൽ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജനുവരി 31ന് മുമ്പ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും, ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പട്ടിക പുറത്തുവന്നിട്ടില്ല.




