സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷം പടിയിറങ്ങുകയാണ്. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യന്‍ യുദ്ധവും അടക്കം നിരവധി നിരവധി കോളിളക്കങ്ങള്‍ ഇന്ത്യയിലും ലോക സാമ്പത്തിക മേഖലയിലും സൃഷ്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയൊരു സാമ്പത്തിക വര്‍ഷവും ആരംഭിക്കും. വലിയ മാറ്റങ്ങളുമായി തന്നെയാണ് ഇത്തവണയും പുതിയ സാമ്പത്തിക വര്‍ഷം വിരുന്നെത്തുന്നത്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇതടക്കം ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക, ബാങ്കിങ് മേഖലയിലെ പ്രധാന മാറ്റങ്ങള്‍ നമുക്ക് നോക്കാം.
പുതിയ നിയമം അനുസരിച്ച് ‘പ്രീവിയസ് ഇയര്‍’, ‘അസസ്‌മെന്റ് ഇയര്‍’ എന്നീ വ്യവസ്ഥകള്‍ ഇനിയുണ്ടാകില്ല. പകരം ഇനി ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 12 മാസത്തെ ‘ടാക്‌സ് ഇയര്‍’ മാത്രം. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം നേടുന്ന വരുമാനം മുഴുവന്‍ അതതു വര്‍ഷത്തെ കണക്കില്‍ തന്നെ ഉള്‍പ്പെടുത്താം. നികുതി ഫയല്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം മാറ്റാനാണ് ഇങ്ങനെയൊരു മാറ്റം. എന്നാല്‍ പുതിയ നിയമത്തില്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
ITR റിട്ടേണ്‍ തിയതികളിലും മാറ്റം വരുന്നു
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതികളിലും മാറ്റമുണ്ട്. ഐടിആര്‍ 1, ഐടിആര്‍ 2 പോലുള്ള സ്റ്റാന്‍ഡേര്‍ഡ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിഗത നികുതിദായകര്‍ ജൂലൈ 31നു മുമ്പ് ഇതു പൂര്‍ത്തിയാക്കണം. ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകള്‍ക്കും പ്രൊഫഷനലുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയമുണ്ട്. ഓഡിറ്റ് ആവശ്യമുള്ള കമ്പനികളും നികുതിദായകരും ഒക്ടോബര്‍ 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കണം. പ്രത്യേക കേസുകള്‍ക്ക് നവംബര്‍ 30 വരെ സമയം ലഭിക്കും.
ഓഹരി ഇടപാടുകള്‍ക്ക് പോക്കറ്റ് കീറും
ഡെറിവേറ്റീവ് വ്യാപാരത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച സെക്യുരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) ഏപ്രില്‍ ഒന്നു മുതലാണ് വര്‍ധിക്കുന്നത്. ഓപ്ഷന്‍ വ്യാപാരത്തിന്റെ എസ്ടിടി 0.10 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായി കൂടും. ഫ്യൂച്ചര്‍ വ്യാപാരത്തിന് നല്‍കേണ്ട നികുതി 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും വര്‍ധിക്കും. ഓഹരി വിപണിയിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് ഇടപാടുകാരെയാണ് ഈ മാറ്റം ബാധിക്കുക.
ട്രെയിന്‍ ടിക്കറ്റ് റീഫണ്ടില്‍ മാറ്റം
ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഒരു മാറ്റമാണിത്. ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ ചട്ടങ്ങളാണ് മാറുന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് പരമാവധി റീഫണ്ട് ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കില്‍ ടിക്കറ്റിന്റെ 25 ശതമാനം കുറയ്ക്കും. 24-8 മണിക്കൂറുകള്‍ക്ക് ഇടയിലാണെങ്കില്‍ 50 ശതമാനമായിരിക്കും കുറയുക. എട്ടു മണിക്കൂറിനു ശേഷമുള്ള ക്യാന്‍സലേഷനു റീഫണ്ട് ലഭിക്കില്ല. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പു വരെ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാനും വ്യവസ്ഥയുണ്ട്. നിലവില്‍ ചാര്‍ട്ട് തയാറാക്കുന്നതിനു മുമ്പു വരെയാണ് ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാന്‍ കഴിഞ്ഞിരുന്നത്.
അപകട ഇന്‍ഷുറന്‍സിന് നികുതിയില്ല
മോട്ടോര്‍ വാഹന അപകട ഇന്‍ഷുറന്‍സിന് ലഭിക്കുന്ന പലിശ ഇനി മുതല്‍ നികുതി രഹിതമായിരിക്കും. ഇത്തരം വരുമാനത്തിന് ടിഡിഎസും ഉണ്ടാകില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച തീരുമാനമാണിത്.
എല്‍പിജിയില്‍ വരുന്ന മാറ്റങ്ങള്‍
രാജ്യത്തെ പാചക വാതക വിലയും ഏപ്രില്‍ ഒന്ന് മുതല്‍ മാറും. സാധാരണ എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് പൊതുമേഖലാ കമ്പനികള്‍ പാചക വാതക വില മാറ്റിയിരുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി വിലയില്‍ പലപ്പോഴായി വര്‍ധനവ് പ്രതീക്ഷിക്കാം.
പാന്‍ കാര്‍ഡ് നിയമങ്ങളിലെ മാറ്റം
പാന്‍ കാര്‍ഡ് അപ്ലിക്കേഷന്‍ രീതികളില്‍ മാറ്റങ്ങളുണ്ട്. നിലവില്‍ പാന്‍ കാര്‍ഡ് അപേക്ഷയില്‍ ഐഡന്റിറ്റി, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയായിരുന്നു. ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, 10-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നീ അധിക രേഖകളും ചേര്‍ക്കേണ്ടി വരും. അതായത്, ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ മാര്‍ച്ച് 31 വരെയേ സാധിക്കൂ.
ATMലെ മാറ്റങ്ങള്‍ അറിയണം
എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും മാറ്റങ്ങള്‍ വരുന്നുണ്ട്. യുപിഐ ആപ്പുകളുപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതും സാധാരണ പണമിടപാടായി രേഖപ്പെടുത്തുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഇത് പ്രതിമാസ സൗജന്യ എടിഎം പിന്‍വലിക്കലില്‍ ഉള്‍പ്പെടുത്തും. സൗജന്യ ലിമിറ്റ് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ വീതം നല്‍കേണ്ടി വരും.
ബന്ധന്‍ ബാങ്കിന്റെ സൗജന്യ എടിഎം ഇടപാടുകളിലും മാറ്റമുണ്ട്. മെട്രോ സിറ്റികളില്‍ 3 സൗജന്യ എടിഎം ഇടപാടുകള്‍ നടത്താം. നോണ്‍ മെട്രോ സിറ്റികളില്‍ അഞ്ചെണ്ണം വരെയാകാം. അതുകഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ചാര്‍ജുണ്ട്. മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് മുടങ്ങിയാല്‍ 25 രൂപയാണ് ഫീസ് നല്‍കേണ്ടത്. പ്രതിദിന ഇടപാടുകളിലും മാറ്റമുണ്ട്.






