എക്കാലവും ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിച്ച, വലതുപക്ഷ വളക്കൂറുള്ള മണ്ണായിരുന്നു കോട്ടയം ജില്ലയിലേത്. എന്നാല്‍ മറ്റെവിടേയും പോലെ കോണ്‍ഗ്രസ് ഒരു വശത്ത് നിന്ന് ക്ഷയിച്ചു തുടങ്ങിയപ്പോള്‍ 2016ലാണ് ബിജെപി ആ കാര്യം തിരിച്ചറിഞ്ഞത്- കേരള കോണ്‍ഗ്രസിന്റെ കുത്തകയായ കോട്ടയം ജില്ലയിലും തങ്ങള്‍ക്ക് വോട്ട് കുത്താന്‍ ആളുണ്ട് എന്നത്. 2016ല്‍ 31,000ലധികം വോട്ടുകളാണ് കാഞ്ഞിരപ്പിള്ളി മണ്ഡലത്തില്‍ ബിജെപി നേടിയത്. അതോടെ ബിജെപിയുടെ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലം എന്ന പദവിയിലേക്ക് കാഞ്ഞിരപ്പിള്ളി ഉയര്‍ന്നു. മുപ്പതിനായിരത്തിലധികം വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് മണ്ഡലം എന്ന പരിഗണന നല്കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റില്‍ മത്സരിച്ച കെ.സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 36,628 വോട്ടുകള്‍ നേടാനുമായി. ഇതോടെയാണ് കാഞ്ഞിരപ്പള്ളി ബിജെപിയുടെ റഡാറില്‍ കുരുങ്ങിയത്. ഇത്തവണ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ നിര്‍ത്തി മണ്ഡലം പിടിക്കാന്‍ തന്നെയാണ് തീരുമാനം.
എന്നാല്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ഈ നേട്ടം വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പോട് കൂടി കോട്ടയം ജില്ലയില്‍ അനിഷേധ്യ സാന്നിധ്യമായി വളരാന്‍ തന്നെയാണ് ബിജെപി തീരുമാനം. അതിനുള്ള കളികളും സജീവം. ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് ഒപ്പം ചേര്‍ന്നതോടെയാണ് കാഞ്ഞിരപ്പള്ളിക്കപ്പുറം ബിജെപി ചിന്തിച്ചു തുടങ്ങുന്നത്. പിസിയുടെ പൂഞ്ഞാറിലും സമീപ മണ്ഡലമായ പാലായിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. ഇത്തവണ പൂഞ്ഞാറില്‍ മത്സരിക്കാന്‍ പിസിക്ക് നേതൃത്വത്തിന്റെ പച്ചക്കൊടിയും ലഭിച്ചു കഴിഞ്ഞു. പിസിക്കൊപ്പം മകന് ഷോണ്‍ ജോര്‍ജിന്റെ പേരും പാലായില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഷോണ്‍ ഇപ്പോള്‍.
വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിതിനെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൂടാരത്തിലെത്തിച്ച് ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു ബിജെപി. സിപിഐയുടെ ആദ്യകാല നേതാവും 4 തവണ വൈക്കം എംഎല്‍എയുമായിരുന്ന എം.കെ.കേശവന്റെ മകനാണ്. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിനാല്‍ തന്നെ സജീവ രാഷ്ട്രീയത്തിലുള്ള ആളെ ഒപ്പം നിര്‍ത്തിയത് നേട്ടമായാണ് നേതൃത്വം കാണുന്നത്. ഇവിടെ നിന്ന് സമീപകാലത്ത് സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും കൂട് മാറിയിരുന്നു. അജിത്തിന് വലിയ സ്വീകരണം ഒരുക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വൈക്കം സീറ്റില്‍ അജിതിനെ നിര്‍ത്താനുള്ള സാധ്യത കൂടി. നിലവില്‍ ബിഡിജെഎസിനാണ് ഇവിടെ സീറ്റ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം ബിഡിജെസിനാണ് ബിജെപി വിട്ടു നല്‍കിയത്. ഇവിടെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്സഭ ഇലക്ഷനെക്കാള്‍ വോട്ടുവിഹിതം നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചുവെങ്കിലും ബിജെപി ആഗ്രഹിച്ചതുപോലെ എ ക്ലാസ് മണ്ഡലം ആക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇത്തവണ വളരെ കരുതലോടെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
ബിജെപി കോട്ടയം ജില്ലാ മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ വെസ്റ്റ് ജില്ല അധ്യക്ഷനായ ജി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്നാണ്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. യുഡിഎഫും എല്‍ഡിഎഫും ക്രൈസ്തവ വിഭാഗത്തിലുള്ള സ്ഥാനാര്‍ത്ഥികളെ ഇവിടെ പരിഗണിക്കുമ്പോള്‍ ഹൈന്ദവ മുഖം നല്‍കാമെന്ന ആലോചന ബിജെപ്പിക്കുള്ളിലുണ്ട്. മൂന്നു മുന്നണികളും ക്രൈസ്തവ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ഹിന്ദു വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇത്. മീനച്ചില്‍ താലൂക്കില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയ മുത്തോലി പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ രണ്‍ജിത്ത് ജി മീനാ ഭവന്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവരില്‍ ആരെങ്കിലും വന്നാലും അത്ഭുതം വേണ്ട.
കോട്ടയം ജില്ലയില്‍ ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന കാഞ്ഞിരപ്പള്ളി ജോര്‍ജ് കുര്യനെ വെച്ച് പിടിക്കുക, പാലായും പൂഞ്ഞാറും വൈക്കവും പ്രതീക്ഷയ്ക്ക് വക കൊടുക്കുക, മറ്റ് മണ്ഡലങ്ങളില്‍ വോട്ട് ശതമാനം ഉയര്‍ത്തി ഭാവിയിലേക്ക് വളര്‍ത്തുക. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വാഴുന്ന കോട്ടയത്തിന്റെ മണ്ണില്‍ താമരയ്ക്ക് വേര് പിടിച്ചു തുടങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെ കൂടി വീഴ്ച്ചയായി മാറും.




