മലപ്പുറം: നിലമ്പൂരിലെ രാമംകുത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) ആണ് നിലമ്പൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
ജൂൺ 5-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമംകുത്ത് സ്വദേശിനി റുഖിയയുടെ വീട്ടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് തകർത്ത് അകത്തുകയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നതായി പോലീസ് അറിയിച്ചു.
റുഖിയയുടെ മകൻ നാസർ ബിസിനസ് ആവശ്യത്തിനായി മൈസൂരുവിൽ പോയിരുന്നതിനാൽ കുടുംബാംഗങ്ങൾ വീട് പൂട്ടി സമീപത്തെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലമ്പൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിനിടെ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പോലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടർന്ന് കീഴടക്കി. മോഷ്ടിച്ച സാധനങ്ങൾ ഇടനിലക്കാർ വഴി വിറ്റ് ലഭിക്കുന്ന പണവുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മുൻപ് മോഷണപ്പണം ഉപയോഗിച്ച് നേപ്പാളിൽ വരെ വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ അക്ബർ, കഠിനതടവ് ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞ മെയ് അവസാനവാരമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ട്രെയിനിൽ വിവിധ സ്ഥലങ്ങളിലെത്തി ആളില്ലാത്ത വീടുകൾ നിരീക്ഷിച്ച് രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതിയെന്നും പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






