ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ അടിമുടി മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ വലിയ മാറ്റമാണ് നിർദേശിക്കുന്നത്. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം.
ഇതോടെ കാലഹരണപ്പെട്ട രീതികൾ മാറും. 2024 ൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ തന്നെ ഇത് ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണത്തിനായി രാധാകൃഷ്ണൻ കമ്മീഷനെ നിയമിക്കയും അവർ പഠന റിപ്പോർട് സമർപ്പിക്കയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലവും അലംഭാവം തുടർന്നു.
ഓരോ പരീക്ഷകൾക്കും പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കി “സീറോ ട്രസ്റ്റ് ആർക്കിടെക്ചർ” എന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന വിഷയ വിദഗ്ദ്ധരോട് തങ്ങൾ തയ്യാറാക്കുന്ന ചോദ്യങ്ങൾ നീറ്റ്, ജെഇഇ അല്ലെങ്കിൽ എൻടിഎ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷ എന്ന് വേർതിരിച്ച് പറയാതെ ക്വസ്റ്റ്യൻ ബാങ്കുകൾ സൃഷ്ടിച്ച് അതിൽ നിന്നും ചോദ്യം പേപ്പർ നിർമ്മിക്കുന്നതിനുള്ള സാധ്യതയാണ് പരീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലും തർജ്ജമ ചെയ്യുന്ന ഘട്ടത്തിലുമാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.






