പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഒരു ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് ഇത് മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കരിമ്പുഴയിൽ 62 വയസ്സുള്ള സ്ത്രീയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ജൂൺ 13ന് പട്ടാമ്പി സ്വദേശിയായ 73 വയസ്സുകാരിയും രോഗം ബാധിച്ച് മരിച്ചിരുന്നു.
കഴിഞ്ഞ മാസവും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഈ മാസം മാത്രം ജില്ലയിൽ 543 പേർ ഡെങ്കിപ്പനി ചികിത്സ തേടിയിട്ടുണ്ട്. മണ്ണാർക്കാട് മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈഡിസ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഉയർന്ന പനി, തലവേദന, കണ്ണിന് പിന്നിലെ വേദന, ശരീരവേദന, ചർമത്തിൽ ചുവന്ന പാടുകൾ, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.






