കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖകൾ തയ്യാറാക്കിയ കേസിൽ മുഖ്യസൂത്രധാരൻ നജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാഫിയയ്ക്ക് വിവിധ ജില്ലകളിലായി ശൃംഖലകളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അവയവക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് ഒരു രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും, എന്നാൽ ദാതാവിന് 9 ലക്ഷം രൂപ മാത്രമാണ് കൈമാറിയതെന്നും പൊലീസ് പറയുന്നു.
സർക്കാർ സമിതികൾ ജില്ലയിലും സംസ്ഥാന തലത്തിലും രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശിയായ യുവതി വൃക്ക കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിക്ക് വ്യാജരേഖകൾ തയ്യാറാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.






