പാലാ: പാലാ -പൊന്‍കുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്‌കൂള്‍ ജംഗ്ഷന്‍ വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍ മ്മാണത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റിങ് റോഡിന്റെ അവസാനഘട്ട നടപടിയില്‍പെട്ട ഫീല്‍ഡ് പ്രൊജക്റ്റ് അപ്പ്രൈസല്‍ കിഫ്ബിയില്‍ നിന്നുള്ള സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് മാനേജരുടേയും നേതൃത്വത്തിലുള്ള സംഘവും കിഫ്ബിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായ കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനീയര്‍മാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. ഏറ്റെടുക്കേണ്ട സ്ഥലങ്ങളും നടപ്പാക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംഘം സമഗ്രമായി പരിശോധിച്ചു . പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കേരള പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈന്‍ വിങ് തയാറാക്കി കഴിഞ്ഞ മാസം കിഫ്ബിയില്‍ സമര്‍പ്പിച്ചിരുന്നു.
കളരിയമ്മാക്കല്‍ പാലം വരെയുള്ള 2.115 കിലോമീറ്ററില്‍ 1.940 കിലോമീറ്റര്‍ വരെ കിഫ്ബിയുടെ 52 കോടി വിനിയോഗിച്ച് നിര്‍മാണം നാടത്തും. ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും KSEB, BSNL, KWA തുടങ്ങിയവരുടെ വൈദ്യുതി തൂണുകള്‍, കേബിളുകള്‍, പൈപ്പ്ലൈനുകള്‍ എന്നിവ മാറ്റിയിടാനും വകയിരുത്തിയിട്ടുണ്ട്. അവശേഷിക്കുന്ന കളരിയമ്മാക്കല്‍ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്തു വിഭാഗം 13 കോടി മുതല്‍മുടക്കില്‍ ഭൂമി ഏറ്റെടുത്ത് നിര്‍മ്മിക്കും. നിലവിലുള്ള റോഡിലൂടെ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ പുതിയ പാത കടന്നുപോകുന്നുള്ളൂ, കൂടുതലും ഭാഗങ്ങളില്‍ പുതിയ റോഡ് ആണ് നിര്‍ദേശിച്ചിരിക്കുന്നത് . നിര്‍ദ്ദിഷ്ട റോഡിന്റെ ആകെയുള്ള വീതി 12.00 മീറ്ററും , അതില്‍ 7 മീറ്റര്‍ കാരിയേജ് വേയും , 1.00 മീറ്റര്‍ പേവിംഗ് ഷോള്‍ഡറും 1.50 മീറ്റര്‍ ഫുട്പാത്ത് കം ഡ്രെയിനുമായാണ് റോഡ് ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇരുവശത്തും മൂടിയ ഡ്രെയിനേജുകള്‍ ആണ് നല്‍കിയിരിക്കുന്നത് . അധികം മണ്ണ് നീക്കുന്നതും കല്‍ക്കെട്ടും കുറക്കുവാന്‍ രണ്ടു മേല്‍പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അന്തിമ അനുമതി ലഭ്യമാക്കുവാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും, കിഫബിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ എം അബ്രാഹവും ആയി ചര്‍ച്ചകള്‍ നടത്തിയതായും, പദ്ധതിയുടെ പൂര്‍ത്തീകരണത്തോടുകൂടി പാലായിലെ റോഡ് ഗതാഗതം കൂടുതല്‍ വിശാലവും സുഗമവുമാകുമെന്നും ജോസ്.കെ.മാണി എം പി സൂചിപ്പിച്ചു.വര്‍ഷങ്ങളായി ഭൂഉടമകള്‍ സ്ഥലം വിട്ടു നല്‍കുവാന്‍ മുന്‍കൂര്‍ സമ്മതം അറിയിച്ച് ജോസ്.കെ.മാണിയെ സമീപിച്ചിരുന്നു. വൈകിപ്പോയ ഭൂമി ഏറ്റെടുക്കലിനു കൂടി പരിഹാരമാവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.






