കോഴിക്കോട്: മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തിക്കൊണ്ടുവന്ന രണ്ട് യുവാക്കളെ നാദാപുരം പോലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എ. ജ്യോതിഷ് ബാബു (30), ഡി.പി. നിധിൻ (34) എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിന്റെ വിവാഹാഘോഷത്തിനായി മദ്യം വാങ്ങാൻ മാഹിയിലേക്ക് പോയതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മദ്യം വാങ്ങി തിരികെ വരുന്നതിനിടെ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം സംസ്ഥാന പാതയിൽ നടന്ന വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പരിശോധനയിൽ 22 ലിറ്റർ മാഹി മദ്യം കണ്ടെത്തി. 750 മില്ലിലിറ്ററിന്റെ 12 കുപ്പികളും അര ലിറ്ററിന്റെ 26 കുപ്പികളും സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യത്തോടൊപ്പം സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.




