ലഖ്നൗ: ഉത്തർപ്രദേശ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകളുടെ കാലത്ത് ഉത്തർപ്രദേശ് കുറ്റകൃത്യങ്ങളും കാട്ടുനീതിയും നിറഞ്ഞ സംസ്ഥാനമായിരുന്നുവെന്ന് മോദി ആരോപിച്ചു. ഒരുകാലത്ത് കുണ്ടും കുഴികളും നിറഞ്ഞ സ്ഥലമായിരുന്ന യുപി ഇന്ന് വലിയ വികസനം കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ യുപിയിലെ നിയമ-സമാധാന നില രാജ്യത്തിന് മാതൃകയാണെന്നും മോദി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ലോകത്ത് അസ്ഥിരത സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യ വികസന പാതയിൽ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യ ശക്തമായി മുന്നേറുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും വിമർശിച്ചത്.




