നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ ഒരു ഉപതെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ ബാധ്യതയാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇടതുഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിറങ്ങിയ പി വി അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന്റെ രാഷ്ട്രീയമാണ് ഇപ്പോഴത്തെ നിലമ്പൂരിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടത് സ്ഥാനാര്‍ത്ഥിയെ നേരിടുന്നതിനൊപ്പം പി വി അന്‍വറേയും നേരിടേണ്ടി ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അന്‍വര്‍ ഇടഞ്ഞത്. യുഡിഎഫിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി നേരത്തെയും അന്‍വര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി. ഇപ്പോൾ അൻവർ ഒന്നുംകൂടി കോൺഗ്രസിനെതിരെ നേരിട്ട് ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. യുഡിഎഫിലെടുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് പിവി അൻവര്‍ വ്യക്തമാക്കിയത്. അവസാന ശ്രമം എന്ന നിലയിൽ കെസി വേണുഗോപാലിനെ കാണുമെന്നും അദ്ദേഹം യുഡിഎഫ് പ്രവേശനം അനുവദിച്ചില്ലെങ്കിൽ നിലമ്പൂരിൽ മത്സരത്തിന് ഇറങ്ങുമെന്നുമാണ് നിലവിൽ അൻവർ പറയുന്നത്.
അതേസമയം, ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും, മണ്ഡലത്തില്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ കഴിഞ്ഞതും യു ഡി എഫിന് നേട്ടമായെങ്കിലും അന്‍വര്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന പ്രതിസന്ധി യു ഡി എഫിനെ ആകെ അലട്ടുന്നുണ്ട്. ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുകയും അന്‍വര്‍ മത്സരിക്കുകയും ചെയ്താല്‍ യുഡിഎഫിനെ അത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കും ഉണ്ടാവുക.
പിണറായി മന്ത്രിസഭയുടെ അന്ത്യം നിലമ്പൂരില്‍ നിന്നും ആരംഭിക്കുമെന്ന പി വി അന്‍വറിന്റെ പ്രസ്താവനയ്ക്കേല്‍ക്കുന്ന വന്‍തിരിച്ചടിയായിരിക്കും അത്. അന്‍വര്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയല്ല കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഷൗക്കത്ത്. ഇതോടെ ഇടഞ്ഞ അന്‍വര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നും ഷൗകത്തിന്റെ പരാജയത്തിനായി തന്റെ ആവനാഴിയിലെ എല്ലാ ആയുധവും പുറത്തെടുക്കാനും ശ്രമിച്ചാല്‍ നിലമ്പൂരില്‍ എന്തും സംഭവിക്കും. ഏതുവിധേനയും വിജയിക്കേണ്ടത് സി പി എമ്മിനും അനിവാര്യമാണ്. അന്‍വറുടെ വ്യക്തിബന്ധത്തിന്റെ വിജയമായിരുന്നില്ല 2016 ലും 2021 ലും ഉണ്ടായതെന്ന സി പി എം വാദം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പി വി അന്‍വര്‍ രാഷ്ട്രീയ വഞ്ചന കാണിച്ചുവെന്ന നിലയിലുള്ള പ്രചാരണം എൽഡിഎഫ് പ്രധാനമായും നിലമ്പൂരിൽ നടത്തുക.
അന്‍വര്‍ യുഡിഎഫുമായി അകന്നു നില്‍ക്കുന്നതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതും എല്‍ ഡി എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ സിപിഎം നേതൃത്വം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പിന്നിടുമ്പോഴും ഇടതു സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിവരുമോ, അതോ വീണ്ടും സ്വതന്ത്രനെ രംഗത്തിറക്കുമോ എന്ന് എല്‍ഡിഎഫില്‍ തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്‍വര്‍ മത്സരരംഗത്തുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സി പി എം നേതൃത്വം.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ തുടരുന്നതും അന്‍വര്‍ മത്സിരിച്ചേക്കുമെന്ന ഭീഷണിയും ഷൗക്കത്തിനുമുന്നില്‍ വലിയ ഭീഷണിയായി നിലനില്‍ക്കയാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്ത് എത്തുന്നത് ഇത് രണ്ടാം തവണയാണ്. യു ഡി എഫില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന അന്‍വറിന്റെ പ്രഖ്യാപനത്തില്‍ എന്താവും അന്തിമ തീരുമാനം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Content: PV Anwar dug his own grave




