ഗസ്സ സിറ്റി: രണ്ടു വർഷത്തിലേറെയായുള്ള അടച്ചിടലിന് ശേഷം ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റഫ അതിർത്തി ഭാഗികമായി തുറന്നു. 2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് ശക്തമായ അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറന്നത്. പ്രാഥമിക നടപടികൾ പൂർത്തിയായതോടെ തിങ്കളാഴ്ച മുതൽ വാഹനഗതാഗതം അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഫലസ്തീനി രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും അതിർത്തി കടക്കും. ഗസ്സയിൽ 4,500 കുട്ടികളടക്കം 20,000ത്തിലധികം പേർ അടിയന്തര ചികിത്സ കാത്തിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതിർത്തിയുടെ നിരീക്ഷണം ഈജിപ്ത് സുരക്ഷാസേന, യൂറോപ്യൻ യൂണിയൻ ദൗത്യസംഘം, ഫലസ്തീനി സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാകും നടത്തുക. ആളുകൾക്ക് പരിമിതമായ അനുമതിയാണ് ലഭിക്കുക.
പ്രതിദിനം 50 രോഗികൾക്ക് റഫ അതിർത്തി കടക്കാൻ അനുമതി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കുമൊപ്പം രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. എന്നാൽ ഗസ്സയിൽ നിന്ന് പുറപ്പെടുന്നവർക്ക് പിന്നീട് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശകാലത്ത് വിവിധ ആവശ്യങ്ങൾക്കായി ഗസ്സ വിട്ടുപോയ ഏകദേശം 80,000 ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാൻ കാത്തിരിക്കുകയാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ചെറിയ ഇടവേളകളിൽ രോഗികളെ കൊണ്ടുപോകുന്നതിനായി മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.
ഒക്ടോബർ 10ന് നിലവിൽവന്ന വെടിനിർത്തൽ കരാറിൽ റഫ അതിർത്തി തുറക്കൽ ഉൾപ്പെട്ടിരുന്നെങ്കിലും ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ലെന്ന കാരണത്താൽ അത് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച അവ ലഭിച്ചതോടെയാണ് അതിർത്തി തുറക്കാൻ വഴിയൊരുങ്ങിയത്. ഗസ്സയിൽ റഫയ്ക്ക് പുറമെ നാല് അതിർത്തികൾ കൂടി ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഇസ്രായേലിലേക്കാണ് തുറക്കുന്നത്.
ആറ് കുട്ടികളടക്കം 31 പേരുടെ ജീവൻ കവർന്ന ആക്രമണത്തിന് പിന്നാലെയാണ് അതിർത്തി തുറന്നത്.




