കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് വിമർശനം ശക്തമാകുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയാണ് അലോഷ്യസിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
ചിലർ സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുബാസ് ആരോപിച്ചു. കെഎസ്‌യുവിലെ വി.ഡി. വിഭാഗം നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നൽകിയതെന്നും, ആ പട്ടിക മാത്രമാണ് പാർട്ടിക്ക് പരിഗണിക്കാനാകുകയെന്നും മുബാസ് വ്യക്തമാക്കി. പ്ലീഡറായി നിയമിക്കപ്പെട്ട ശരത്ത് 2019 മുതൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണെന്നും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കേണ്ടതായിരുന്നുവെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നതിന് മുമ്പ് ഔദ്യോഗികമായി പരാതി നൽകേണ്ടതായിരുന്നുവെന്നും മുബാസ് വിമർശിച്ചു.
പ്രശ്നപരിഹാരമല്ല, സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുകയാണ് നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മോഹഭംഗത്തിൽ നിന്നുണ്ടായ വൈരാഗ്യമാണ് ഇതെന്നും കൃത്യമായ രാഷ്ട്രീയ അജണ്ട ഇതിന് പിന്നിലുണ്ടെന്നും മുബാസ് പറഞ്ഞു.
അതേസമയം, കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറി സൈദ് എം. താജുവും അലോഷ്യസ് സേവ്യറിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ സ്വീകരിക്കരുതെന്നും, അഭിപ്രായ വ്യത്യാസങ്ങൾ ആദ്യം പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ അധികാരത്തിലെത്തിച്ചത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും മാത്രമല്ല, പൊതുസമൂഹം കൂടിയാണെന്നും സൈദ് എം. താജു വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ചിലരുടെ നിലപാടുകൾക്കൊപ്പം നിൽക്കുന്നതാണ് അലോഷ്യസിന്റെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.




