കണ്ണൂർ: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി പ്രതികൾക്കെതിരെ വധശ്രമവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞതായി വ്യക്തമാക്കി.
ശിക്ഷിക്കപ്പെട്ടവരിൽ തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ. പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.വി. ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി. സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവർ ഉൾപ്പെടുന്നു. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2011 നവംബർ 27നാണ് സംഭവം നടന്നത്. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുപക്ഷ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആർഎസ്എസ്–ബിജെപി പ്രവർത്തകരെ പ്രതികൾ ബോംബെറിഞ്ഞു ആക്രമിച്ചതായാണ് കേസ്. ആക്രമണത്തിൽ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.






