സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം ‘സാംബരാല യേതിഗട്ട്’ സംക്രാന്തി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വമ്പന്‍ ഹിറ്റുകളായ ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നിവക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു തനി ഗ്രാമീണന്റെ വേഷത്തില്‍, ഒരു വമ്പന്‍ വെള്ള കാളയോടൊപ്പം നഗ്‌ന പാദനായി നടന്ന് നീങ്ങുന്ന സായ് ദുര്‍ഗ തേജ് ആണ് പോസ്റ്ററിന്റെ ആകര്‍ഷണം. ഗംഭീര ശാരീരിക പരിവര്‍ത്തനമാണ് ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയിരിക്കുന്നത്. മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കഥാപാത്രത്തിന്റെ സംഘര്‍ഷങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നേരത്തെ ചിത്രത്തിലെ ഒരു ഗ്ലിംപ്‌സ് വീഡിയോ ‘അസുര ആഗമന’ എന്ന ടൈറ്റിലോടെ പുറത്ത് വരികയും, ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ഗംഭീര പ്രതികരണം നേടുകയും ചെയ്തിരുന്നു. വമ്പന്‍ പീരിയഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ‘ബാലി’ എന്ന കഥാപാത്രമായാണ് സായ് ദുര്‍ഗ തേജ് അഭിനയിക്കുന്നത്. ശരീരം കൊണ്ടും മനസ്സ് കൊണ്ടും, ഒരു യോദ്ധാവായി ഉജ്ജ്വല പ്രകടനമാണ് സായ് ദുര്‍ഗ തേജ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് വീഡിയോ സൂചിപ്പിക്കുന്നു.
പ്രകടന മികവിനൊപ്പം സാങ്കേതിക നിലവാരം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം ഒരുക്കുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായി ആണ് ചിത്രം എത്തുക. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായെത്തും.
രചന- സംവിധാനം- രോഹിത് കെ പി, നിര്‍മ്മാതാക്കള്‍- കെ. നിരഞ്ജന്‍ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനര്‍- പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- വെട്രിവെല്‍ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്‌നാഥ്, എഡിറ്റിംഗ്- നവീന്‍ വിജയകൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗാന്ധി നാടികുടികര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അയിഷ മറിയം, മാര്‍ക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി.






